പുല്‍പ്പള്ളി: ജലസേചന പദ്ധതികളുടെ അഭാവത്തില്‍ കേരള-കര്‍ണാടക അതിര്‍ത്തിയിലെ കൊളവള്ളി, മരക്കടവ്, ഗൃഹന്നൂര്‍ പ്രദേശങ്ങളില്‍ നെല്‍കൃഷി ഇറക്കാനാകാതെ കര്‍ഷകര്‍.
കബനി നദിയുടെ തീരത്തെ ജലസേചന പദ്ധതിയില്‍നിന്നുള്ള വെള്ളം ലഭിക്കാത്തതാണ് കൃഷിയിറക്കാന്‍ കഴിയാത്തതെന്ന് കര്‍ഷകര്‍ പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ കൊളവള്ളി, ഗൃഹന്നൂര്‍ ജലസേചന പദ്ധതിയില്‍നിന്ന് വെള്ളം ലഭിച്ചതിനെ തുടര്‍ന്ന് കൃഷിയിറക്കാന്‍ കഴിഞ്ഞിരുന്നു. എന്നാലിപ്പോള്‍ ജലസേചനം മുടങ്ങിയതിനെ തുടര്‍ന്ന് ജൂണ്‍ ആദ്യവാരം കൊളവള്ളി പാടത്ത് നട്ട ചേന, കാച്ചില് ഉള്‍പ്പെടെയുള്ള കൃഷികള്‍ മഴക്കുറവ് മൂലം വാടി നില്ക്കുന്ന അവസ്ഥയാണ്. കനാലിലൂടെ വെള്ളം എത്താത്തതും കര്‍ഷകരെ ഏറെ വലച്ചിരിക്കുകയാണ്.
ജില്ലയുടെ പല ഭാഗങ്ങളിലും മഴ ലഭിക്കുമ്പോഴും മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കൊളവള്ളി, മരക്കടവ്, സീതാമൗണ്ട് പ്രദേശങ്ങളില്‍ ചാറ്റല്‍മഴ മാത്രമാണ് ലഭിക്കുന്നത്.
കൊളവള്ളി ഗൃഹന്നൂര്‍ ജലസേചന പദ്ധതി പ്രവര്‍ത്തനമാരംഭിച്ചാല്‍ പ്രദേശത്തെ പാടശേഖരങ്ങളില്‍ യഥേഷ്ടം വെള്ളം ലഭിക്കുമെങ്കിലും അതിനാവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ഇതുമൂലം ഇഞ്ചി, ചേന, കാച്ചില് ഉള്‍പ്പെടെയുള്ള വിളകള്‍ക്ക് വളപ്രയോഗം നടത്താന്‍ കര്‍ഷകര്‍ക്ക് കഴിയാത്ത അവസ്ഥയാണ്. കബനി തീരപ്രദേശങ്ങളിലെ കൃഷിയാവശ്യങ്ങള്‍ക്കായി അഞ്ച് ജലസേചന പദ്ധതികള്‍ ഉണ്ടെങ്കിലും ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നില്ല.
നിരവധി തവണ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ജലസേചന പദ്ധതി പൂര്‍ത്തിയാക്കാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല.കൊളവള്ളി പാടത്ത് ജലസേചനത്തിനായി നിര്‍മിച്ച കുളം പോലും വറ്റിവരണ്ട അവസ്ഥയിലാണ്. ഇനിയും മഴ ലഭിച്ചില്ലെങ്കില്‍ പാടത്ത് നെല്‍കൃഷി ഇറക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ജലസേചന മന്ത്രിയെ നേരില്‍ക്കണ്ട് ജലസേചന പദ്ധതിയുടെ പമ്പിംഗ് നടക്കുന്ന പുഴയില്‍ കര്‍ണാടക സര്‍ക്കാരുമായി അലോചിച്ച് തടയണ നിര്‍മിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. കബനി നദിയില്‍ തടയണ പ്രാവര്‍ത്തികമായാല്‍ ജലസേചന പദ്ധതി തടസ്സമില്ലാതെ നടത്താന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.